നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ഒഴിവാക്കാനൊരുങ്ങി ദിലീപും നാദിര്‍ഷയും. അറസ്റ്റ് ഒഴിവാക്കാനായി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ദിലീപും നാദിര്‍ഷയും. ഇതിനായി ഇരുവരും മുതിര്‍ന്ന അഭിഭാഷകരെ സമീപിച്ചിട്ടുണ്ട്.
അടുത്ത ദിനങ്ങളില്‍ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ പുരോഗതി ഇരുവരുടെയും അറസ്റ്റിലേയ്ക്കാണ് നീങ്ങുന്നത്. അറസ്റ്റിന് തക്കതായ തെളിവുകള്‍ പൊലീസിന് ലഭിച്ചതായും സൂചനയുണ്ട്. ദിലീപും സുനിയും തമ്മിലുള്ള ബന്ധം സംബന്ധിക്കുന്ന വിവരങ്ങളും പൊലീസിന് ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരം ലൊക്കേഷനില്‍ സുനിയെത്തിയതും ദിലീപിന്റെ ഡ്രൈവറായി സുനി സെറ്റിലെത്തിയതെന്നുമുള്ള തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു. ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിലും പൊലീസിന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് ഇരുവരും മുന്‍കൂര്‍ ജാമ്യാപേക്ഷയ്‌ക്കൊരുങ്ങുന്നത്.

Post A Comment: