കൊച്ചിയില്‍ നയുവടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിശ്വസിക്കാനാകാത്ത ട്വിസ്റ്റുകളാണ് ഓരോ ദിവസം കഴിയുമ്പോഴും കേള്‍ക്കുന്നത്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയുടെ അടുത്തെത്തിയിരിക്കുകയാണ്. അഞ്ചു ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകുമെന്ന് വ്യക്തം. അറസ്റ്റ് ഉടന്‍ തന്നെ വേണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റയും വ്യക്തമാക്കിയിരുന്നു. പണത്തിനായി തട്ടിക്കൊണ്ട് പോവുകയായിരുന്നു എന്നായിരുന്നു പ്രതിയായ പള്‍സര്‍ സുനി ആദ്യം പറഞ്ഞത്. എന്നാല്‍, പെട്ടന്നൊരു ദിവസം കേസ് മറ്റ് പ്രമുഖരിലേക്കും തിരിഞ്ഞു. നടന്‍ ദിലീപിനേയും സംവിധായകന്‍ നാദിര്‍ഷയേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും കൂടാതെ നടി കാവ്യാ മാധവനേയും അമ്മയേയും മറ്റൊരു പ്രമുഖ നടിയേയും പോലീസ് ചോദ്യം ചെയ്യുമെന്ന് സൂചനകള്‍ ലഭിച്ചിരുന്നു. നാദിര്‍ഷയേയും ദിലീപിനേയും ചോദ്യം ചെയ്തെങ്കിലും ഇരുവരുടെയും മൊഴികളിലെ വൈരുദ്ധ്യമാണ് ഇവരെ വീണ്ടും ചോദ്യം ചെയ്യാന്‍ കാരണമാകുന്നത്. അതേസമയം കേസ് മലയാളത്തിലെ ഒരു യുവസംവിധായകനിലേക്കും തിരിയുന്നതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നും തന്നെ കുടുക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ട് എന്നും ദിലീപ് ആരോപിച്ചിരുന്നു. പോലീസ് ചോദ്യം ചെയ്യലില്‍ ഇത് സംബന്ധിച്ചും നടന്‍ വിവരങ്ങള്‍ നല്‍കിയിരുന്നു. മറ്റൊരു യുവസംവിധായകന്റെ പേര് ദിലീപും നാദിര്‍ഷായും പൊലീസിനോട് പറഞ്ഞതായിന്‍ മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ സംവിധായകന്റെ സിനിമയില്‍ അഭിനയിക്കുന്ന സമയത്താണ് നടിക്ക് നേരെ ആക്രമണം നടന്നതെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ യുവസംവിധായകനുമായി പ്രതി പള്‍സര്‍ സുനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതോടെ നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ പുറത്ത് വരാത്ത കൂടുതല്‍ പേരുണ്ടെന്ന് വ്യക്തമാവുകയാണ്.

Post A Comment: