നോമ്പുകാലത്തിന്റെ ഒരു മാസം നീണ്ട ഇടവേളയ്ക്ക് ശേഷം തീയേറ്ററുകള്‍ വീണ്ടും സജീവമാകാന്‍ പോകുന്നു. മലയാളത്തില്‍ നിന്ന് അഞ്ച് സിനിമകള്‍ ഈദ് റിലീസുകളായി തീയേറ്ററുകളിലെത്തുന്നു. 'മഹേഷിന്റെ പ്രതികാര'ത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിക്കുന്ന 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', മുരളി ഗോപിയുടെ തിരക്കഥയില്‍ ജീയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളിഗോപി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ടിയാന്‍', റാഫി രചനയും സംവിധാനവും നിര്‍വഹിച്ച് ഫഹദ് ഫാസിലും നമിത പ്രമോദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'റോള്‍ മോഡല്‍സ്', ആസിഫ് അലിയും ഉണ്ണി മുകുന്ദനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന, ഷാനില്‍ മുഹമ്മദ് ചിത്രം 'അവരുടെ രാവുകള്‍', ലിയോ തദ്ദേവൂസിന്റെ വിനീത് ശ്രീനിവാസന്‍ ചിത്രം 'ഒരു സിനിമാക്കാരന്‍' എന്നിവയാണ് മലയാളത്തില്‍ നിന്നുള്ള ഈദ് റിലീസുകള്‍.

'അവരുടെ രാവുകള്‍ 23ന് തീയേറ്ററുകളിലെത്തും. റിലീസ് ഡേറ്റ് കൃത്യമായി തീരുമാനിച്ചിട്ടില്ലെങ്കിലും 25നോ 26നോ ആയിരിക്കും റാഫിയുടെ ഫഹദ് ഫാസില്‍ ചിത്രം 'റോള്‍ മോഡല്‍സ്' റിലീസിനെത്തുക. ദിലീഷ് പോത്തന്‍-ഫഹദ് ഫാസില്‍ ടീമിന്റെ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', പൃഥ്വിരാജിന്റെ 'ടിയാനും' ഒരേ ദിവസമാണ് തീയേറ്ററുകളിലെത്തുക. 29, വ്യാഴാഴ്ച. വിനീത് ശ്രീനിവാസന്റെ 'ഒരു സിനിമാക്കാരന്‍' ഈദ് റിലീസ് ആണെന്ന് അണിയറക്കാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും തീയ്യതി പ്രഖ്യാപിച്ചിട്ടില്ല.

ദിലീപ് എംഎല്‍എ വേഷത്തിലെത്തുന്ന അരുണ്‍ഗോപിയുടെ പൊളിറ്റിക്കല്‍ ത്രില്ലര്‍ 'രാമലീല', ഒമര്‍ ലുലുവിന്റെ 'ചങ്ക്‌സ്', അല്‍ത്താഫ് സലിമിന്റെ നിവിന്‍ പോളി ചിത്രം 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്നിവയാണ് റിലീസിനൊരുങ്ങുന്ന മറ്റ് മലയാളചിത്രങ്ങള്‍. ഇതില്‍ രാമലീല ജൂലൈ ഏഴിനാണ് തീയേറ്ററുകളിലെത്തുക. ഒമര്‍ ലുലു, അല്‍ത്താഫ് സലിം ചിത്രങ്ങളുടെ റിലീസ് തീയ്യതികള്‍ പ്രഖ്യാപിച്ചിട്ടില്ല.
🍿🎞🍿🎞🍿🎞 👍🏻


Post A Comment: