ഒരു എഴുത്തുകാരന്‍ കൂടി തിരക്കഥാകൃത്താവുന്നു;
'ചക്കരമാവിന്‍ കൊമ്പത്തു'മായി അര്‍ഷാദ് ബത്തേരി

ആര്‍.ഉണ്ണിക്കും സന്തോഷ് എച്ചിക്കാനത്തിനും ശേഷം ഒരു പ്രമുഖ എഴുത്തുകാരന്‍ കൂടി തിരക്കഥാകൃത്താവുന്നു. മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും, മരിച്ചവര്‍ക്കുള്ള കുപ്പായം, ഭൂമിയോളം ജീവിതം, ചുരം കയറുകയാണ് ഇറങ്ങുകയാണ് തുടങ്ങിയ രചനകളിലൂടെ മലയാള സാഹിത്യത്തില്‍ തന്‍റേതായ ഇടം ഉറപ്പിച്ച അര്‍ഷാദ് ബത്തേരിയാണ് സിനിമാരംഗത്തേയ്ക്ക് കാലൂന്നുന്നത്. ബ്രാന്‍ഡെക്സ് പ്രൊഡക്ഷന്‍സിന്‍റെയും ചിറയില്‍ ഫിലിംസിന്‍റെയും ബാനറില്‍ ജിംസണ്‍ ഗോപാലും രാജന്‍ ചിറയിലും ചേര്‍ന്നു നിര്‍മിച്ച് ടോണി ചിറ്റേട്ടുകളം സംവിധാനം ചെയ്ത 'ചക്കരമാവിന്‍ കൊമ്പത്ത്' എന്ന സിനിമയുടെ തിരക്കഥാകൃത്തായാണ് അര്‍ഷാദ് ബത്തേരിയുടെ രംഗപ്രവേശം.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്‍റെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്കാരം, ശക്തി പുരസ്കാരം, പ്രവാസി ബുക്ക് ട്രസ്റ്റ് സാഹിത്യ പുരസ്കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള എഴുത്തുകാരനാണ് അര്‍ഷാദ്. വയനാട് സ്വദേശിയായ ഇദ്ദേഹത്തിന്‍റെ കഥകള്‍ തമിഴ്, കന്നഡ ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. ഏഴാം ക്ലാസിലെ കേരള ഭാഷാ പാഠാവലിയില്‍ അര്‍ഷാദ് ബത്തേരിയുടെ 'മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും' എന്ന കഥ പാഠ്യഭാഗമാണ്.
ജീവിതം തുളുമ്പുന്ന കഥകളുടെ എഴുത്തുകാരന്‍റെ ശ്രദ്ധേയമായ രചന ചലച്ചിത്രമാവുമ്പോള്‍ കാമ്പുള്ള ഒരു കഥ കൂടി ചലച്ചിത്രമാവുകയാണ്. വേറിട്ട ഹൃദ്യമായ കഥ തന്നെയാണ് 'ചക്കരമാവിന്‍ കൊമ്പത്തി'നെ വ്യത്യസ്തമായ ദൃശ്യാനുഭവമാക്കുന്നതും.

Post A Comment: