അച്ഛന്‍ സംഗീതസംവിധായകന്‍;
അച്ഛനും മകനും ഗായകര്‍;
'ചക്കരമാവിന്‍ കൊമ്പത്ത്' ബിജിബാല്‍

മലയാളസിനിമാസംഗീതത്തിലെ ഹിറ്റുകളുടെ തമ്പുരാനാണ് ബിജിബാല്‍. 2007-ല്‍ 'അറബിക്കഥ'യിലൂടെ സംഗീതസംവിധായകനായ ബിജിബാല്‍, ചുരുങ്ങിയ കാലയളവില്‍ 250-ല്‍പ്പരം ഗാനങ്ങളാണ് മലയാളത്തിനു സമ്മാനിച്ചിരിക്കുന്നത്.
2012, 2013, 2014, 2015 വര്‍ഷങ്ങളില്‍ പശ്ചാത്തലസംഗീതത്തിന് സംസ്ഥാന അവാര്‍ഡും 2012-ല്‍ ദേശീയ അവാര്‍ഡും മറ്റു നിരവധി അവാര്‍ഡുകളും കരസ്ഥമാക്കിയ ബിജിബാലിന്‍റെ സംഗീതസംവിധാനത്തിലുള്ള വ്യത്യസ്തമായ മൂന്നു ഗാനങ്ങള്‍ 'ചക്കരമാവിന്‍ കൊമ്പത്തി'ന് സംഗീത മധുരം പകരുന്നു. പശ്ചാത്തലസംഗീതം നിര്‍വഹിച്ചിരിക്കുന്നതും ബിജിബാല്‍ തന്നെ.
അച്ഛനും മകനും ഗായകരും കൂടിയാവുന്നു എന്ന പ്രത്യേകത കൂടി ഇക്കുറി എടുത്തുപറയണം. സിനിമയിലെ 'അലഞൊറിയണ തീരത്ത്' എന്നു തുടങ്ങുന്ന നാടന്‍ ശീലുകളുള്ള ടൈറ്റില്‍ സോംഗ് ബിജിബാല്‍ ആലപിച്ചിരിക്കുമ്പോള്‍, 'മഞ്ഞണിയും പുലരികളും' എന്നു തുടങ്ങുന്ന അടിപൊളി ഗാനം മകന്‍ ദേവദത്ത് ബിജിബാലാണ് ശ്രേയ ജയദീപിനൊപ്പം ആലപിച്ചിരിക്കുന്നത്. സംഗീതത്തിന്‍റെ ചക്കരമാവിന്‍ കൊമ്പത്തു നിന്നും മനോഹരമായ ഗാനങ്ങള്‍ ആസ്വാദകര്‍ക്ക് ഉറപ്പിക്കാം.
ബ്രാന്‍ഡെക്സ് പ്രൊഡക്ഷന്‍സിന്‍റെയും ചിറയില്‍ ഫിലിംസിന്‍റെയും ബാനറില്‍ ജിംസണ്‍ ഗോപാലും രാജന്‍ ചിറയിലും ചേര്‍ന്നു നിര്‍മിച്ച ചിത്രത്തിന്‍റെ രചന അര്‍ഷാദ് ബത്തേരിയും സംവിധാനം ടോണി ചിറ്റേട്ടുകളവും നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തില്‍ രണ്ടു ഗാനങ്ങള്‍ എഴുതിയിരിക്കുന്നതും സംവിധായകന്‍ തന്നെ; 'മഞ്ഞണിയും പുലരികളും' എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ വരികള്‍ റഫീഖ് അഹമ്മദിന്‍റേതാണ്.

Post A Comment: