മലയാളസിനിമയിലേയ്ക്ക്
കിഷോറും ഡെറിക്കും
'ചക്കരമാവിന്‍ കൊമ്പത്തി'ലൂടെ

ഭാവിയുടെ വാഗ്ദാനങ്ങളാവുന്ന രണ്ടു താരങ്ങള്‍ രംഗപ്രവേശം ചെയ്യുകയാണ്, 'ചക്കരമാവിന്‍ കൊമ്പത്ത്' എന്ന സിനിമയിലൂടെ. നിരവധി പരസ്യചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതനായ കിഷോറും എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഡെറിക് രാജനുമാണ് പ്രേക്ഷകമനസുകളിലേയ്ക്ക് ചേക്കേറാനെത്തുന്നത്.
മീര വാസുദേവ് ഒരിടവേളയ്ക്കു ശേഷം തിരിച്ചെത്തുന്ന സിനിമയില്‍, ഡോ.തോമസ് മാത്യു എന്ന ശക്തമായ കഥാപാത്രവുമായാണ് കിഷോറിന്‍റെ രംഗപ്രവേശം. ക്യാരക്ടര്‍ റോളുകളില്‍ ശ്രദ്ധിക്കപ്പെടാവുന്ന ആകാരസൗഷ്ഠവമുള്ള കിഷോര്‍, മികച്ച അഭിനയമാണ് 'ചക്കരമാവിന്‍ കൊമ്പത്തി'ല്‍ കാഴ്ചവച്ചിരിക്കുന്നത്. രാംരാജ്, എന്‍.ഐ.എഫ്.ഇ തുടങ്ങി നൂറു കണക്കിന് പരസ്യങ്ങളിലൂടെയും 'ശുഭയാത്ര' ഗതാഗതബോധവത്ക്കരണ വീഡിയോയിലൂടെയുമെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള മോഡലാണ് കിഷോര്‍.
ഗൗരവ് മേനോന്‍ അവതരിപ്പിക്കുന്ന ഉത്തമന്‍ എന്ന കഥാപാത്രത്തിന്‍റെ സുഹൃത്ത് ജെന്‍ട്രിയുടെ വേഷം ഡെറിക് രാജന്‍ അവിസ്മരണീയമാക്കുന്നു. പുതുമുഖത്തിന്‍റെ കുറവുകളൊന്നും വന്നുചേരാതെ തന്നെ തന്‍റെ കഥാപാത്രത്തെ മികച്ചതാക്കുന്നതില്‍ ഡെറിക് വിജയിച്ചിട്ടുണ്ട്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയാണ് ഈ എട്ടാം ക്ലാസുകാരന്‍.
ബ്രാന്‍ഡെക്സ് പ്രൊഡക്ഷന്‍സിന്‍റെയും ചിറയില്‍ ഫിലിംസിന്‍റെയും ബാനറില്‍ ജിംസണ്‍ ഗോപാലും രാജന്‍ ചിറയിലും ചേര്‍ന്നു നിര്‍മിച്ച്, അര്‍ഷാദ് ബത്തേരി രചിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടോണി ചിറ്റേട്ടുകളമാണ്. ഗ്രാമീണതയുടെ ലാളിത്യത്തോടെ, നര്‍മരസത്തില്‍ പൊതിഞ്ഞ ഈ കുടുംബചിത്രം, ജൂലൈയില്‍ തിയേറ്ററുകളിലെത്തും.


Post A Comment: