സുനില്‍ ലാവണ്യയുടെ കലയില്‍
വീടും ചായക്കടയും ഒന്നരയാഴ്ചകൊണ്ട്...

'ചക്കരമാവിന്‍ കൊമ്പത്ത്' സിനിമയിലെ ഒരു പ്രധാന വെല്ലുവിളി ഹരിശ്രീ അശോകനും അഞ്ജലി നായരും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ വീടായിരുന്നു. നാടന്‍ വീട്. വീട്ടുപരിസരത്ത് മരങ്ങളും ഊഞ്ഞാലും ചെടികളും കിണറും എല്ലാം വേണം. ഈ വീടിന്‍റെ തൊട്ടടുത്താണ് മീര വാസുദേവിന്‍റെ കഥാപാത്രത്തിന്‍റെ കൂറ്റന്‍ വീട്. ഇരു വീടുകളും തമ്മിലുള്ള അടുപ്പവും അകലവുമെല്ലാം ചിത്രത്തിലെ പ്രധാന വിഷയമാണുതാനും.
രണ്ടു വീടുകളും ഒന്നിച്ചു കിട്ടുക പ്രയാസമായി വന്നപ്പോള്‍ സെറ്റിടുകയായിരുന്നു, ഏക പോംവഴി. എല്ലാ നാടന്‍ ശൈലികളും ഒത്തിണങ്ങിയ വീട് ഷൂട്ടിംഗിനായി സെറ്റിടാന്‍ കലാസംവിധായകന്‍ സുനില്‍ ലാവണ്യയ്ക്കും സംഘത്തിനും വേണ്ടിവന്നത് കേവലം ഒന്നര ആഴ്ചയാണ്. കാമറ വച്ചു ചിത്രീകരിക്കുവാന്‍ പാകത്തില്‍ മുറികള്‍ മാറ്റുവാന്‍ പാകത്തിലായിരുന്നു സെറ്റ്.
സിനിമാ കമ്പനി, മുംബൈ ടാക്സി, ഒരു മുത്തശി ഗദ എന്നീ ചിത്രങ്ങള്‍ക്കു പുറമേ പ്രമുഖ ഓസ്ട്രേലിയന്‍ സംവിധായകനായിരുന്ന പോള്‍ കോക്സിന്‍റെ 'ഫോഴ്സ് ഓഫ് ഡെസ്റ്റിനി' എന്ന ചിത്രത്തിലും പ്രവര്‍ത്തിച്ചിട്ടുള്ള സുനിലിന്‍റെ ശ്രദ്ധേയമായ കലാസംവിധാനമാണ് 'ചക്കരമാവിന്‍ കൊമ്പത്തി'ലേത്. കഥയിലെ പ്രധാന ഘടകങ്ങളിലൊന്നായ ചായക്കടയും സെറ്റിട്ടാണ് ചിത്രീകരിച്ചത്. ചിത്രത്തിന്‍റെ ദൃശ്യഭംഗിയിലെ വലിയൊരു പങ്ക് സുനില്‍ ലാവണ്യയുടെ കലാസംവിധാനമികവാണ്. ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന ജുബിത് നമ്രാടത്തിന്‍റെ 'ആഭാസ'ത്തിന്‍റെ കലാസംവിധാനവും സുനിലാണ് നിര്‍വഹിക്കുന്നത്.
ബ്രാന്‍ഡെക്സ് പ്രൊഡക്ഷന്‍സിന്‍റെയും ചിറയില്‍ ഫിലിംസിന്‍റെയും ബാനറില്‍ ജിംസണ്‍ ഗോപാലും രാജന്‍ ചിറയിലും ചേര്‍ന്നു നിര്‍മിച്ച ചിത്രത്തിന്‍റെ രചന അര്‍ഷാദ് ബത്തേരിയും സംവിധാനം ടോണി ചിറ്റേട്ടുകളവും നിര്‍വഹിച്ചിരിക്കുന്നു. നര്‍മരസത്തില്‍ പൊതിഞ്ഞ ഈ കുടുംബചിത്രം, ജൂലൈയില്‍ തിയേറ്ററുകളിലെത്തും.

Post A Comment: