കഴിഞ്ഞ വർഷം സമ്മർ വെക്കേഷനു ജേക്കബിന്റെ സ്വർഗ്ഗരാജ്യം,അതിനു മുൻപത്തെ വർഷം പ്രേമം !! ഈ വർഷം സഖാവ്‌,തീർച്ചയായും നൂറു ശതമാനം വിശ്വാസമർപ്പിക്കാവുന്ന ഒരു നടൻ തന്നെയാണു നിവിൻ പോളി.കുടുംബപ്രേക്ഷകർക്കും യുവാക്കൾക്കും ഒരുപോലെ പ്രിയൻ.അനൗൺസ്‌ ചെയ്തപ്പൊ തന്നെ സഖാവ്‌ ആദ്യ ദിന ടിക്കറ്റ്‌ ഞാൻ ഉറപ്പിച്ചിരുന്നു,അത്‌ നിവിൻ പോളി എന്ന നടൻ കാരണം മാത്രമല്ല,സിദ്ധാർത്ഥ ശിവ എന്ന സംവിധായകനോടും എഴുത്തുകാരനോടുമുള്ള വിശ്വാസ്യത കൊണ്ടു കൂടിയുമാണു.

ആമുഖം : രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാനും ശോഭിക്കാനും വേണ്ടിയുള്ള സഖാവ്‌ കൃഷ്ണകുമാറിന്റെ തന്ത്രങ്ങൾ(പോയിന്റ്സ്‌) പറഞ്ഞ്‌ തുടങ്ങിയ ചിത്രം അവിചാരിതമായി സഖാവ്‌(?) ഒരു രക്തം നൽകാൻ പോകുന്ന ഇടത്തുനിന്ന് വഴിമാറുന്നു.ശേഷമുള്ള അദ്ദേഹത്തിന്റെ മാറ്റങ്ങളും മറ്റുമാണു സഖാവ്‌ ചർച്ച ചെയ്യുന്നത്‌.

ഛായാഗ്രഹണം : ജോർജ്ജ്‌ സി വില്ല്യംസിന്റെ ക്യാമറ വർക്ക്‌ അതിമനോഹരമായിരുന്നു.പ്രത്യേകിച്ച്‌ പഴയ കാലഘട്ടമൊക്കെ ! പീരുമേടിന്റെ തനതായ ഭംഗി ഒക്കെ എടുത്ത്‌ കാണിച്ചിട്ടുണ്ട്‌.

സംഗീതം : ടൈറ്റിൽ സോങ്ങ്‌ ഒരുപാട്‌ ഇഷ്ടമായി.കേൾക്കാൻ തന്നെ ഒരു പ്രത്യേക സുഖമുണ്ടായിരുന്നു.അതേ സമയം ഉദിച്ചുയർന്നേ എന്ന ഗാനം അത്ര ആസ്വാദ്യകരമായിരുന്നില്ല.പഴയ കാലത്തെ പശ്ചാത്തല സംഗീതം നന്നായിരുന്നു.

കഥാപാത്രങ്ങൾ :- സഖാവ്‌ കൃഷ്ണകുമാറായി നിവിൻ പോളി വളരെ അനായാസകരമായി പകർന്നാടി,അതേ സമയം സഖാവ്‌ കൃഷ്ണനായി മാറാൻ കുറച്ച്‌ കഷ്ടപ്പെട്ടെങ്കിലും തെല്ലും വെറുപ്പിച്ചില്ല.ഗായത്രി സുരേഷിനു വേണ്ടി മറ്റാരോ ആണു ശബ്ദം നൽകിയത്‌ എന്നത്‌ വളരെ ആശ്വാസകരമായിരുന്നു.അൽത്താഫിന്റെ ബഹുഭൂരിപക്ഷം കൗണ്ടറുകളും രസകരമായിരുന്നു.നിവിൻ പോളി - അൽത്താഫ്‌ കൂട്ടുകെട്ടും ശോഭിച്ചു.എടുത്ത്‌ പറയേണ്ട മറ്റൊരു കഥാപാത്രമാണു ബൈജുവിന്റെ ഗരുഡ.ലുക്കും സംസാരവുമൊക്കെ അന്യായം.പക്ഷേ കുറച്ചേ ഉള്ളായിരുന്നു.നിവിൻ നാലു വ്യത്യസ്ഥ ലുക്കുകളിൽ പ്രത്യക്ഷപ്പെട്ടു.മണിയൻ പിള്ള രാജു,പ്രേം കുമാർ,അപർണ്ണ ഗോപിനാഥ്‌,വി.കെ പ്രകാശ്‌,സുധീഷ്‌,രഞ്ജി പണിക്കർ എന്നിവരുൾപ്പടെ പല പരിചിത മുഖങ്ങളും മറ്റ്‌ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ആദ്യ പകുതി : തമാശകളുമായി ഒഴുകിനീങ്ങിയ തുടക്കം.സംഗീത സംവിധായകൻ സൂരജ്‌.എസ്‌.കുറുപ്പിന്റെ ഒരു രംഗം വന്നപ്പൊ വിചാരിച്ചു വെറുപ്പിക്കുമെന്ന്.പക്ഷേ തൊട്ടടുത്ത രംഗം തന്നെ സിദ്ധാർത്ഥ ശിവ എന്ന സംവിധായകൻ അത്‌ മറികടന്നു.സഖാവ്‌ കൃഷ്ണന്റെ ജീവിതറ്റവും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും പറഞ്ഞ്‌ തുടങ്ങിയപ്പൊ ചിത്രം സീരിയസ്‌ മൂഡിലേക്ക്‌ കടന്നു.ആ ഒരു ഒഴുക്കൽ തടസപ്പെട്ടെങ്കിലും ബോറഡിപ്പിച്ചില്ല.ഇതുവരെ കേട്ടതൊന്നും ഒന്നുമല്ല,ഇനി കേൾക്കാനിരിക്കുന്നതാണു കഥ എന്ന് പറഞ്ഞ്‌ നിർത്തിയ ഇന്റർവ്വെൽ ബ്ലോക്ക്‌ !

രണ്ടാം പകുതി :- കഴിഞ്ഞ വർഷം ദുൽഖറിനു കമ്മട്ടിപ്പാടം ആണെങ്കിൽ ഈ വർഷം നിവിനു സഖാവായിരുന്നു.സഖാവ്‌ കൃഷ്ണന്റെ വാർദ്ധക്യം അതിമനോഹരമായി തന്നെ നിവിൻ അവതരിപ്പിച്ചു.കരിയർ ബെസ്റ്റ്‌ എന്ന് തന്നെ പറയാനാകും !! സേഫ്‌ സോൺ നടൻ എന്ന ലേബൽ ഇവിടെ തകർക്കുകയാണു നിവിൻ.സീരിയസ്‌ മൂഡിൽ തന്നെ പോകുന്ന രണ്ടാം പകുതി ചിത്രത്തിന്റെ അവസാനം വരെയും ഈയൊരു മൂഡ്‌ നിലനിർത്തുന്നു.

ആകെ മൊത്തം ടോട്ടൽ :- ചിത്രത്തിലുടനീളമുള്ള കമ്യൂണിസം കലർന്ന സംഭാക്ഷണങ്ങൾക്ക്‌ മനസറിഞ്ഞ്‌ കയ്യടിക്കാൻ ഒരു ഇടതുപക്ഷ അനുയായി ആവണം എന്നൊന്നുമില്ല.കണ്ടിരിക്കേണ്ട ഒരു മനോഹര ചിത്രം തന്നെയാണു സഖാവ്‌.ഒരിക്കലും ഒരു തമാശ പടമോ ഇഷ്ടനായകന്റെ മാസ്‌ പടമോ പ്രതീക്ഷിച്ച്‌ പോവാതിരിക്കുക !! നിങ്ങളൊരു സിനിമാ സ്നേഹി ആണെങ്കിൽ തീർച്ചയായും സഖാവ്‌ നിങ്ങളെ നിരാശപ്പെടുത്തില്ല.

Rating : 3 / 5 !


TAIL END : ഇന്നത്തെ ബഹുഭൂരിപക്ഷം സഖാക്കളുടേയും പ്രതീകമാണു ആദ്യ പകുതിയിലെ സഖാവ്‌ കൃഷ്ണകുമാർ.ഇതുവരെ കാറൾ മാക്സ്‌ ആരെന്ന് അറിയാത്ത,കമ്യൂണിസ്റ്റ്‌ മാനുഫെസ്റ്റോ എന്ന് കേട്ടിട്ടുപോലുമില്ലാത്ത ഫേസ്ബുക്കിൽ വിപ്ലവ കലർന്ന ആശയങ്ങളും വിപ്ലവ ചിന്തകളും പങ്കുവെയ്ക്കാൻ മാത്രം സമയം കണ്ടെത്തുന്ന കോളേജ്‌ രാഷ്ട്രീയം എന്നത്‌ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മുതലെടുപ്പായി മാത്രം കാണുന്ന ഇന്നിന്റെ സഖാക്കൾക്ക്‌ ചെകിട്ടത്തുള്ള അടിയായിരുന്നു സംവിധായകൻ വക കിട്ടിയത്‌.ആ ഒരു കാര്യത്തിനു സംവിധായകനെന്റെ നൂറു ചുമപ്പിൻ അഭിവാദ്യങ്ങൾ !!

Post A Comment: