ചങ്കുറപ്പിന്റെ രാഷ്ട്രീയത്തിനു ചോരയുടെ നിറമത്രേ; കാലം തന്റെ രാഷ്ട്രീയ കണക്കു പുസ്തകത്തിൽ എഴുതിച്ചേർത്ത ആ തിരിച്ചറിവിനു ആവിഷ്കാര പൂർണതയുടെ അകമ്പടി കൂടി ആയപ്പോൾ ഗംഭീരം. ‘ചുവപ്പി’നു ജീവനെന്നും നിലനിൽപ്പെന്നും അതിജീവനമെന്നും പോരാട്ടമെന്നു കുതിച്ചുച്ചാട്ടമെന്നും അസാധാരണമായ വിജയമെന്നും അർഥമുണ്ട്. ക്യൂബയും മെക്സിക്കോയും ചൈനയുമൊക്കെ ആ ‘ചുവപ്പി’ന്റെ ലഹരി ആവോളം നുകർന്നവരാണ്. മലയാള നാടിന്റെ അഭിവൃദ്ധി ആ ‘ചുവപ്പി’ന്റെ കൂടെ കൈപിടിച്ചായിരുന്നു. പലരും പറഞ്ഞും നിലവിളിച്ചും അലറിത്തെറിച്ചും, പോയ കാലത്തു പലവട്ടം ഊന്നിപ്പറഞ്ഞ ‘ചുവപ്പി’ന്റെ മാഹാത്മ്യം, അന്നും ഇന്നും എന്നും ചോർന്നു പോയിട്ടില്ല. ചോരാൻ അനുവദിക്കാത്തതു ഒരു പക്ഷേ നമ്മുടെ നാട്ടിലെ യുവത്വമായിരിക്കാം.ആ യുവത്വം ഉത്സവം കൊണ്ടാടും പോലെ ഇരുന്നും നിന്നും നടന്നും ഓടിയും സിനിമയെന്ന വിസ്മയത്തെ ആഘോഷിച്ച ചടങ്ങിനു ഞാനും സാക്ഷിയായി. ഏതൊരു നാട്ടിലും പാരമ്പര്യമല്ല ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നിലനിൽപ്പിനു ആധാരം, പകരം പ്രത്യയ ശാസ്ത്രത്തിന്റെ മേന്മയാണ്. ‘ഒരു മെക്സിക്കൻ അപാരത’ എന്ന ചിത്രം ഒരു ശക്തമായ രാഷ്ട്രയത്തെ അനാവശ്യമായി വെള്ള പൂശാതെ,അതേ സമയം മറ്റു രാഷ്ട്രീയ നീതി ശാസ്ത്രങ്ങളെ ഏറെക്കുറെ പരിഹസിക്കാതെ(വിമർശച്ചിട്ടുണ്ട്)അവതരിപ്പിച്ച മികച്ച ചിത്രം. ഒപ്പം രാഷ്ട്രീയത്തിലെ കള്ള നാണയങ്ങളെ തിരിച്ചറിയണമെന്നു ആഹ്വാനവും ചെയ്തു. ഒരു രാഷ്ട്രീയ പ്രസ്ഥാനം മാത്രമുള്ള ഇടങ്ങളിൽ, അല്ലെങ്കിൽ അരാഷ്ട്രീയ വാദം കൊടുകുത്തി വാഴുന്ന പ്രതലങ്ങളിൽ മറ്റൊരു പ്രസ്ഥാനത്തിനു വളർന്നു വരിക അത്ര എളുപ്പമല്ല. ആ ദൗത്യം ഏറ്റെടുത്തു പ്രവർത്തിക്കുന്നവർ ചിലപ്പോൾ രക്തസാക്ഷികളായേക്കാം.ചിലപ്പോൾ ചോര ചിന്തിയേക്കാം.അല്ലെങ്കിൽ ഒന്നിനും കൊള്ളാത്തവരായി തീർന്ന് കാലം കഴിച്ചേക്കാം. എന്നാൽ ഇങ്ങനെ സംഭവിച്ചാലെ വിജയം സാധ്യമാകൂവെന്നു വിശ്വസിക്കുന്ന കപട രാഷ്ട്രീയത്തിനു ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണു ‘ഒരു മെക്സിക്കൻ അപാരത’ എന്ന ചിത്രം. ആദിമധ്യാന്തം മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ കാണേണ്ടി വന്ന സിനിമകളിൽ ഏറ്റവും മൂല്യമേറിയത്.മുദ്രാവാക്യം വിളി കേട്ടു ‘ചെവിയുടെ ആണിക്കല്ല് ഇളകിയെന്നു തോന്നിപ്പോയ അവസ്ഥയിൽ’ പല സിനിമകളും മുൻപു കണ്ടിട്ടുണ്ട്. പക്ഷേ അതൊക്കെ ഫാൻസുകാരുടെ വെറും ജയ് വിളികൾ മാത്രമായിരുന്നു.എന്നാൽ ഇന്നു തിയറ്ററിൽ പ്രതിധ്വനിച്ച ശബ്ദം ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഉത്ഭവിച്ചവയായിരുന്നു. അതിനു നേരിന്റെയും നന്മയുടെയും വീര്യമുണ്ടായിരുന്നു,ആവേശമുണ്ടായിരുന്നു,രോമാഞ്ചമുണ്ടായിരുന്നു. സാങ്കേതിക വശങ്ങൾ, സംവിധാനം,തിരക്കഥ, സംഭാഷണം‌, സംഗീതം,പശ്ചാത്തല സംഗീതം, വരികൾ,അഭിനേതാക്കളുടെ പ്രകടനം; ഒന്നും പറയാനില്ല അതി ഗംഭീരം. ടോവിനോ തോമസും നീരജ് മാധവും അനുകരണീയരായ സഖാക്കളെ ചിത്രത്തില്‍ അവതരിപ്പിച്ചു.ഇരുവരുടെയും കരിയർ ബെസ്റ്റ്.നായികയുടെ കാര്യം പറയാതിരിക്കുന്നതു ശരിയല്ല; കാണാൻ ഭംഗിയുള്ള ഒരു സൗന്ദര്യ വസ്തുവായി അനുഭവപ്പെട്ടു. രൂപേഷ് പീതാംബരൻ ഒരു സംഭവമാണ്; കലാഭവൻ ഷാജോണും. വ്യക്തി കേന്ദ്രീകൃതമാകരുത് രാഷ്ട്രീയം.എന്നിരുന്നാലും ആ രാഷ്ട്രീയ പ്രസ്ഥാനത്തെ സംബന്ധിച്ച കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ആ പ്രസ്ഥാനത്തിന്റെ നേതാവിനു ഉറപ്പായും കഴിഞ്ഞിരിക്കണം. അത്തരത്തിലൊരു നേതാവ് ചിത്രത്തിലുണ്ട്. അതു ജീവിച്ചിരിക്കുന്ന ഏതോ ഒരു നേതാവിന്റെ പ്രതി പുരുഷൻ ആണെങ്കിലും അല്ലെങ്കിലും, അയാളെ നമ്മുടെ യുവ രാഷ്ട്രീയക്കാർ മതൃകയാക്കണം. ഓരോ നാട്ടിലും ഓരോ കൊച്ചനിയന്മാരും പോൾ വർഗീസുമാരും ഉണ്ടാകും. ‘ചുവപ്പി’ന്റെ കുതിപ്പ് അവരിലൂടെയായിരിക്കും.ചിലപ്പോൾ അവരെ കാലത്തിനു നഷ്ടമായേക്കാം. പക്ഷേ അവരുടെ ചോരയുടെ ഓരോ തുള്ളിയിൽ നിന്നും പുതിയ കൊച്ചനിയന്മാരും പോൾ വർഗീസുമാരും ഉയർത്തെഴുന്നേൽക്കും.കാരണം അവരിലൂടെ കൂടിയാണു ആ നാടിന്റെ വികാസം. *Verdict: 4/5* *വാൽക്കഷ്ണം:* ഞാനിവിടെ വിളമ്പിയതു ‘രാഷ്ട്രീയ’മല്ല, മറിച്ചു ഒരു നല്ല സിനിമ നൽകിയ അനുഭവത്തിന്റെ നിഷ്പക്ഷമായ നിർവചനമാണ്. ഇനി മറ്റൊരു കാര്യം ഓർമിപ്പിക്കട്ടെ. എന്റെ ജോലി, സ്ഥാനം, പദവി, ജീവിത സാഹചര്യം എന്നിവ ചികഞ്ഞെടുത്തു ‘നീ ഈ എഴുതിയതു ശരിയാണോ’ എന്നു ചോദിച്ചു ഇങ്ങോട്ടേയ്ക്കു വന്നേയ്ക്കരുത്; വന്നാൽ ഉറപ്പായും പ്രതികരിച്ചിരിക്കും. കാരണം, ‘ചേകവന്മാരുടെ നാട്’ കേരളത്തിൽ തന്നെയാണ്. അവരുടെ സിരകളിലൂടെയൊഴുകുന്ന ചോരയുടെ അതേ നിറം തന്നെയാണു എന്റെ ചോരയ്ക്കും.


CREDITS: VISHNU VAMSHA

Post A Comment: