എൺപതിലധികം പുതുമുഖങ്ങളെ അണിനിരത്തി ഫ്രൈഡേ ഫിലിം ഹൌസിന്റെ ബാനറിൽ വിജയ് ബാബു നിർമിച്ചു ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് അങ്കമാലി ഡയറീസ്.

     വ്യത്യസ്തമാർന്ന പ്രമേയങ്ങൾ വേറിട്ട അവതരണത്തിൽ നമ്മുക്ക് മുന്നിലെത്തിച്ച ലിജോ ജോസ് പെല്ലിശ്ശേരിയുടെ മറ്റൊരു പരീക്ഷണ ചിത്രം അതിനു കൂട്ട് ചേർന്നിരിക്കുന്ന പ്രൊഡ്യൂസർ ഏറെ പുതുമയാർന്ന പ്രമേയങ്ങൾ പുത്തൻ താരങ്ങളെയും സംവിധായകരെയും വച്ച് വളർത്തി വിജയം കണ്ട വിജയ് ബാബു വും.   ഈ കാര്യങ്ങൾ മാത്രം മതി ഒരു സാധാരണപ്രേക്ഷകനെ തിയേറ്ററിൽ എത്തിക്കാൻ.    നമ്മുടെ ഇഷ്ട താരം ചെമ്പൻ വിനോദ് ജോസിന്റെ തൂലികയുടെ മനോഹാരിത അറിയാനുള്ള ആഗ്രഹവും നേരത്തെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ കട്ടലോക്കൽ ട്രെയ്ലറും , ഗാനങ്ങളും എന്നെ തീയേറ്ററിലേക്ക് ആകർഷിച്ചു.
 
    അങ്കമാലിക്കാരൻ വിൻസെന്റ് പേപ്പേക്കും കൂട്ടർക്കും ഒരു കൈയ്യബദ്ധത്തിൽ ഉടലെടുക്കുന്ന പ്രശ്നവും ശേഷം ഉരുത്തിരിയുന്ന സംഭവവികാസങ്ങളുമാണ് 2 മണിക്കൂർ 13 മിനുട്ടുകൾ ദൈർഘ്യമുള്ള ഈ ചിത്രം പറയുന്നത്.

വിൻസന്റ് പെപ്പെ എന്ന പ്രധാനകഥാപാത്രത്തെ ആന്റണി വർഗീസ് മികച്ചതാക്കി.  ഒരു പുതുമുഖമാണെന്ന തോന്നൽ അദ്ദേഹത്തിന്റെ പ്രകടനത്തിലും ശരീരഭാഷ്യത്തിലും ഉണ്ടായിരുന്നില്ല !

  ചിത്രത്തിലെ എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രം നായിക തന്നെ ,
ലിച്ചി എന്ന കഥാപാത്രം രേഷ്മ രാജൻ എന്ന പുതുമുഖത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു.  കാഴ്ചയിലും പ്രകടനത്തിലും രേഷ്മ ഒരുപോലെ മുന്നിട്ടുനിൽക്കുന്നു.

ചിത്രത്തിലെ അപ്പാനി രവി , ഭീമൻ , യൂ ക്ലമ്പ് രാജൻ , കുഞ്ഞുട്ടി തുടങ്ങിയ കഥാപാത്രങ്ങളവതരിപ്പിച്ച താരങ്ങളും തങ്ങളുടെ ഭാഗം ഭംഗി ആക്കി.

    എന്താണ് അങ്കമാലി ഡയറീസ് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു , അങ്കമാലിയിലെ കുറച്ചു കാഴ്ചകൾ .  അത് പ്രേക്ഷകന് തന്റെ കണ്മുന്നിൽ നടക്കുന്നതായി തോന്നും അതാണ് ഈ ചിത്രത്തിന്റെ വിജയം.
   അങ്കമാലിയിലെ സൗഹൃദവും പ്രണയവും പ്രശ്നങ്ങളും അതിന്റെ മനോഹാരിത തെല്ലും ചോരാതെ ഗിരീഷ് ഗംഗാതഗരന്റെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. എടുത്തുപറയേണ്ടത് ഒറ്റ ഷോട്ടിൽ ആയിരത്തോളം പേരെ അണിനിരത്തി ചിത്രീകരിച്ച 11 മിനുട്ട് ദൈർഘ്യമുള്ള ക്ലൈമാക്സ് രംഗങ്ങൾ മികച്ചതായിരുന്നു. അതിലെ ലൈറ്റിംഗ് ഒക്കെ പക്കാ ആയിരുന്നു.

പ്രശാന്ത് പിള്ളയുടെ ഗാനങ്ങൾ എല്ലാം വേറിട്ടതായിരുന്നു. പശ്ചാത്തല സംഗീതവും മികച്ചത്. ഫ്ലാഷ്ബാക്കിലെ പശ്ചാത്തലസംഗീതം ബാന്റ് ഗീതം ആക്കിയത് ഒരു പുതമയായി തോന്നി.  ഗാനങ്ങളുടെ ആഖ്യാനവും ഏറെ പുതുമയുള്ളത്.

   തനി അങ്കമാലി ഭാഷയിലുള്ള സംഭാഷങ്ങൾ , നാടൻ രീതിയിൽ നമ്മൾക്കിടയിൽ നടക്കുന്ന ചെറിയ തമാശകളും ചിത്രത്തിൽ ഉണ്ട്. ചെമ്പൻ വിനോദ് ജോസ് ഒരു നല്ല നടൻ എന്നതിനപ്പുറം നല്ല തിരക്കഥാകൃതാണെന്നും ചിത്രം കാണുന്നോർക്ക് മനസ്സിലാവും .
    സംവിധാനവും സൗണ്ട് മിക്‌സും ഒക്കെ ഗംഭീരം ;
 
   പുതുമുഖങ്ങളെ അണിനിരത്തി ഇങ്ങനെ ഒരു ചിത്രം ചെയ്ത വിജയ് ബാബുവിനെ പോലെ ഉള്ള കലാകാരന്മാരാണ് മലയാള സിനിമയുടെ ഭാവി.

പ്രണയവും സൗഹൃദവും മുന്നിട്ടുനിൽക്കുന്ന ആദ്യപകുതിയും കഥ മാറി മറിയുന്ന രണ്ടാം പകുതിയും ഗംഭീര ക്ലൈമാക്സും ചേരുമ്പോൾ അങ്കമാലി ഡയറീസ് ഒരു മികച്ച ചിത്രം ആകുന്നു

Movie Mosquitoes Rating : 4/5

Post A Comment: