എല്ലാ കലകളുടെയും മാതാവെന്നു സിനിമയെ വിളിച്ചു തുടങ്ങേണ്ട കാലം എന്നേ അതിക്രമിച്ചു. ഭാഷയ്ക്കും വർഗ്ഗത്തിനും വർണത്തിനും രാജ്യാതിർത്തികൾക്കും അതീതമായ വിസ്മയ കലയാണല്ലോ സിനിമ. സംഗീതവും സാഹിത്യവും സകല കലകളും ഇടകലർന്ന ജനകീയ കല. സാങ്കേതികതയുടെ പൂർണത കൂടി സാധ്യമായപ്പോൾ ക്ഷണ വേഗത്തിലാണ് സിനിമ മനുഷ്യ മനസ്സുകളെ കീഴടക്കിയത്. ഒരു വിനോദ ഉപാധിക്കപ്പുറം സിനിമ സംവാദത്തിലേക്കു വഴി മാറുകയും രാഷ്ട്രീയവും മതപരവുമായ മനോ വ്യാപാരങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്തു.
സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ പ്രശ്നങ്ങൾ ഒരു ജനതയുടേതായി മാറി. വലിയൊരു ജനക്കൂട്ടത്തെ പ്രതിനിധീകരിക്കുന്ന ആവിഷ്കാരങ്ങള്‍ കാലാതീതമായി നില കൊണ്ടു. കാപട്യങ്ങളെ സിനിമ ചാട്ടവാറിന്റെ ഇരയാക്കി. അതിജീവനങ്ങളും പുനർ ചിന്തനങ്ങളും സാധ്യമായ പുതിയ ലോകത്തെ സൃഷ്ടിച്ചു.
അങ്ങനെ അസഹിഷ്ണുതയും നൊമ്പരവും ചാപല്യങ്ങളുമെല്ലാം നിർവചിച്ച വിഖ്യത സിനിമകൾ ജനിച്ചു. ഇത്തരം ലോകോത്തര സിനിമകളുടെ പ്രദർശന വേദിയാണ് കഴിഞ്ഞ കുറെയേറെ കാലങ്ങളായി അനന്തപുരി. സിനിമ ശ്വസിക്കുന്ന രാവുകളും പകലുകളും പുതിയ സിനിമാക്കാരെ വളർത്തി. പുതിയ ചിന്തകൾ പടർത്തി. വിദേശീയരെ മലയാള മണ്ണിലേക്കു വരുത്തി. അരാഷ്ട്രീയ വാദത്തേയും അൽപ്പത്തരത്തെയും തളർത്തി. സൗഹൃദത്തിന്റെയും മനുഷ്യ ബന്ധങ്ങളുടെയും വേറിട്ട കൂട്ടായ്മയുടെയും മേന്മകളെ പുലർത്തി.
ഓരോ ചലച്ചിത്ര മേളയും സിനിമാ പ്രേമികൾക്ക് നൂതനമായ കാഴ്ചപ്പാട് സൃഷ്ടിച്ചെടുക്കുന്നതിനു വേണ്ടിയുള്ള പ്രതലമായി. സിനിമ വെറും കെട്ടു കാഴ്ചയുടെ തുന്നിച്ചേർക്കലല്ല മറിച്ചു പച്ചയായ ജീവിതത്തിന്റെ നേർചിത്രമാണെന്നുള്ള യാഥാർഥ്യം മലയാളിയുടെ മണ്ണിലേക്കു പറിച്ചു നട്ടു. ഇരുപത് വർഷങ്ങൾക്കു മുൻപ് നട്ടു നനച്ച ആ യാഥാർഥ്യം ഇന്നു പടർന്നു പന്തലിച്ചൊരു വലിയ വൃക്ഷമായി. അതിലേക്കു ചേക്കാറാനെത്തുന്നവർക്കു ആ വലിയ വൃക്ഷം മധുരം പകർന്നു. ചിലപ്പോഴൊക്കെ ആ വൃക്ഷം ആടിയുലഞ്ഞു. അപ്പോഴൊക്കെ സിനിമാ പ്രേമികൾ അതിനെ താങ്ങി നിർത്തി.
സിനിമയും ചർച്ചയും വാദ പ്രതിവാദങ്ങളും എല്ലാം ചേരുമ്പോൾ അനന്തപുരിയുടെ കാറ്റിനു പോലും സെല്ലുലോയ്ഡിന്റെ സുഗന്ധമായി. പ്രഹസനങ്ങള്‍ക്കു വേണ്ടി മാത്രമായി മേളയ്ക്കെത്തുന്നവർ അതു മാത്രം ചെയ്തു മടങ്ങുമ്പോൾ സിനിമയെ ആത്മാർഥമായി പ്രണയിച്ചവർ പലതും സിനിമയിൽ നിന്നു സ്വീകരിക്കുകയും സിനിമയ്ക്കായി നൽകുകയും ചെയ്യുന്നു. അതാണു ഇരുപതാണ്ടിന്റെ പാരമ്പര്യമുള്ള രാജ്യാന്തര മേളയുടെ അനുപമമായ വിജയം.
സിനിമ അതിന്റെ ബൗദ്ധികമായ എല്ലാ അതിർത്തികളും താണ്ടി കാഴ്ചക്കാരന്റെ ബോധ മനസ്സിലേക്കു പരകായ പ്രേവേശം നടത്തുന്ന ദിവസങ്ങളാണു മുന്നിൽ. പോയ കാലം മലയാളിയ്ക്കു മുന്നിലെത്തിച്ച കാലാതീതമായ സിനിമകളുടെ തുടർച്ച ഇക്കുറിയും ദൃശ്യമാകും. ഒപ്പം ലോകോത്തര പ്രതിഭകളുമെത്തും. മലയാളത്തെ അറിയാൻ, മലയാളത്തിന്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങാൻ.
© വിഷ്ണു വംശ

Post A Comment: