CHARACTER: കൃഷ്ണൻ നായർ(കിച്ചു)
ACTOR: വിഷ്ണു ഉണ്ണികൃഷ്ണൻ
FILM: കട്ടപ്പനയിലെ ഋത്വിക് റോഷൻ
DIRECTOR: നാദിർഷാ
‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’ മലയാള സിനിമയിൽ വലിയൊരു മാറ്റത്തിനു ആരംഭം കുറിയ്ക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്. തിരക്കഥയ്ക്കു കെട്ടുറപ്പുണ്ടെങ്കിൽ സ്റ്റാർ വാല്യു ഇല്ലാത്ത നടനെ വച്ചു പോലും സിനിമ ചെയ്യാനാകുമെന്ന ശീലത്തിലേക്കുള്ള ശുഭാരംഭം. ചിത്രത്തിൽ നായക വേഷം ചെയ്ത തിരക്കഥാകൃത്ത് കൂടിയായ വിഷ്ണു ഉണ്ണികൃഷ്ണാണു ആ ശുഭാരംഭത്തിനു പിന്നിലെ കാരണക്കാരൻ.
ജയന്റെ കടുത്ത ആരാധകനായ കട്ടപ്പനക്കാരൻ സുരേന്ദ്രന്റെ മകനെയാണു ചിത്രത്തിൽ വിഷ്ണു അവതരിപ്പിച്ചത്. തനിക്കു ലഭിക്കാതെ പോയ സൗഭാഗ്യം തന്റെ മകനിലൂടെ നേടിയെടുക്കുമെന്നു ആഗ്രഹിക്കുന്ന ഒരു ശരാശരി മലയാളിയുടെ മകൻ. ജയനോടുള്ള ആരാധന മൂത്ത് സുരേന്ദ്രൻ തന്റെ മകനു കൃഷ്ണൻ നായർ എന്നു പേരിട്ടു. അതു ചുരുക്കി കിച്ചുവെന്നു വിളിച്ചു.
‘കട്ടപ്പനയിലെ ജയനെ’ന്നു സുരേന്ദ്രൻ ഒരു കാലത്തു കളിയാക്കി വിളിക്കപ്പെട്ടതു പോലെ കിച്ചുവിനെ നാട്ടുകാർ ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’ വിളിച്ചു. കൂടുതൽ കുറവുകളുള്ളവരെ സമൂഹം എങ്ങനെ പരിഗണക്കുന്നുവോ അതുപോലെ കിച്ചുവും നാട്ടുകാരാൽ പലപ്പോഴും ക്രൂരമായ അവഹേളനത്തിനും പരിഹാസത്തിനും പുച്ഛത്തിനും വിധേയനാവുന്നു.
അഭിനയിക്കാനുള്ള കഴിവിലുപരി സൗന്ദര്യവും തലവരയും ഉണ്ടെങ്കിലേ സിനിമയിൽ നായകനാകാന്‍ സാധിക്കൂവെന്ന അപ്രഖ്യാപിത നിയമത്തിന്റെ ഇരയാണു കിച്ചു. മലയാളത്തിലെ ടൈപ്പ് ആര്‍ട്ടിസ്റ്റുകളുടെ ജീവിക്കുന്ന രക്തസാക്ഷി. പൊലീസായാൽ എന്നും പൊലീസ്, വക്കീലായാൽ എന്നും വക്കീൽ, പൂജാരിയായാൽ എന്നും പൂജാരി എന്ന മാറാത്ത സമീപനം പൊളിച്ചെഴുതപ്പെടേണ്ടതാണെന്നുള്ളതു കാലത്തിന്റെ ആവശ്യമാണെന്നു ഇവിടെ കിച്ചുവെന്ന കഥാപാത്രം മലയാള സിനിമയെ ഓർമിപ്പിക്കുന്നു.
അവഗണന അവഹേളനമാകുമ്പോൾ കഥാപാത്രം അനുഭവിക്കുന്ന മാനസിക സങ്കർഷങ്ങൾക്കു ജീവിത ഗന്ധിയായ ഒരു വശമുണ്ട്. പലരും അനുഭവിച്ചിട്ടുള്ള യാഥാർഥ്യങ്ങൾ, നേടിയ തിരിച്ചറിവുകൾ, പൊലിഞ്ഞു പോയ ചില സ്വപ്നങ്ങൾ, ജീവിതം സമ്മാനിച്ച ചില പ്രതീക്ഷകൾ; ജീവിതത്തിൽ വളരാനും തളരാനും, ഉയരാനും താഴാനും ഇതൊക്കെ കാരണമാകുന്നുവെന്ന സത്യം സംഭവിക്കുകയാണിവിടെ.
‘നിങ്ങളൊരു നടനാകണമെന്നു നിങ്ങൾ വിചാരിച്ചാൽ നിങ്ങളതു ആയിരിക്കും...’ മാർട്ടിൻ പ്രക്കാട്ടിന്റെ ‘ബെസ്റ്റ് ആക്ടർ’ എന്ന ചിത്രത്തിലെ ഡയലോഗാണിത്. ‘ബെസ്റ്റ് ആക്ടറി’ലെ മോഹനെപ്പോലെ അഭിനയ മോഹവുമായി നടക്കുന്ന കിച്ചു ഇന്നത്തെ യുവത്വത്തിനു പകരുന്ന പ്രചോദനം ഒട്ടും ചെറുതല്ല. സിനിമയെന്നതു യാഥാർഥ്യവുമായി ബന്ധമില്ലെന്നാണല്ലോ വയ്പ്. എന്നാൽ മെലോ ഡ്രാമയിൽ നിന്നും ഏറെ ദൂരം റിയാലിറ്റിലേക്കു സിനിമ സഞ്ചരിച്ച സ്ഥിതിയ്ക്കു കിച്ചു സിനിമയ്ക്കുള്ളിൽ സ്വന്തമാക്കുന്ന നേട്ടം പുതിയ തലമുറയ്ക്കു പ്രചോദനമാവുക തന്നെ ചെയ്യും. ആ ജീവിതം നൽകുന്ന പാഠമാണു ‘കട്ടപ്പനയിലെ ഋത്വിക് റോഷനെ’പ്പോലുള്ള കഥാപാത്രങ്ങള്‍ ഇനിയും സംഭവിക്കാനുള്ള പ്രചോദനവും.
ബോഡി ലാംഗ്വേജ്, പെർഫോർമൻസ്, അഭിനയ പൊരുത്തം, ഫ്ലെക്സിബിലിറ്റി, സ്വാഭാവികത എന്നീ കാര്യങ്ങൾ പരിശോധിക്കുമ്പോൾ കിച്ചുവെന്ന കഥാപാത്രമായി വിഷ്ണു ഉണ്ണികൃഷ്ണൻ തികവാർന്ന അഭിനയം കാഴ്ചവച്ചുവെന്നു സംശയാതീതമായി പറയാം. ഒപ്പം വരും കാല മലയാള സിനിമയ്ക്കു വിഷ്ണു ഒരു മുതൽക്കൂട്ടാകുമെന്നും നമുക്ക് പ്രത്യാശിക്കുകയും ചെയ്യാം.
© വിഷ്ണു വംശ

Post A Comment: