പഠിക്കുന്ന കാലത്തു കാതിൽ തേൻമഴയായി ഒഴുകിയെത്തിയ ഒരു പിടി നല്ല പാട്ടുകളിലേക്കു തിരിച്ചു പോയ പോലെ തോന്നി എബ്രിഡ് ഷൈനിന്റെ ‘പൂമര’ത്തിലെ ‘ഞാനും ഞാനുമെന്റാളും പിന്നെ നാൽപതു പേരും പൂമരം കൊണ്ടു കപ്പലുണ്ടാക്കിയപ്പോൾ’ എന്ന പാട്ട് കേട്ടപ്പോൾ. വാമൊഴിയായി തലമുറകളിൽ നിന്നും തലമുറകളിലേക്കു പകർന്ന ആ പാട്ടുകളെല്ലാം ‘പൂമര’ത്തിലെ ഈയൊരറ്റ പാട്ട് കേട്ടപ്പോൾ ഓർമയിലെത്തിയെങ്കിൽ ആ പാട്ടിന്റെ മൂല്യം എത്രയോ മഹത്തരമാണ്.
പെരിങ്ങമ്മല ഇക്ബാൽ എച്ച്എസ്സ്എസ്സിലെ പ്ലസ് വൺ വിദ്യാർഥിയായിരിക്കെ സീനിയേഴ്സിൽ നിന്നും കാതിൽ മുഴങ്ങിയ ‘ആരോ വിളിക്കുന്നു മൽസഖീ നീയെന്റെ ചാരേയിരിയ്ക്കാൻ ശ്രമിക്കൂ’വെന്നു തുടങ്ങുന്ന മനോഹരമായ കവിത.എന്റെ പ്രണയത്തെ പ്രോജ്ജ്വലിപ്പിച്ച ആ കാലാതീതമായ വരികളെ താലോലിച്ച ഞാനടങ്ങുന്ന പ്ലസ് വൺ കൂട്ടം. കവിതയെഴുത്ത് നേരംപോക്കാക്കിയ എന്റെ പ്രിയ സുഹൃത്ത് ശരത് ആ വരികള്‍ക്കെഴുതിയ പിന്തുടർച്ച.
ഒടുവിൽ സ്കൂളിന്റെ പടിവിട്ടിറങ്ങും മുൻപ് പ്രണയ തീവ്രതയുടെ ആഴം മനസ്സിലാക്കി തന്ന ആ കവിത ഞങ്ങൾ ഞങ്ങളുടെ ജൂനിയേഴ്സിലേക്കു പകർന്നു. ആ സുവർണ കാലത്തിന്റെ പരിശുദ്ധമായ സ്മരണ, കവിത ചൊല്ലുന്ന ആളുടെ സമീപമിരുന്നു കാവ്യാത്മകതയുടെ ആത്മാവിലേക്കു സഞ്ചരിച്ച നല്ല നേരം, മനസ്സിൽ മായാതെ നിൽക്കുന്ന ആ വിസ്മയ കാലത്തിലേക്കുള്ള തിരിച്ചു പോക്ക് നൽകിയതു പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സുഖമുള്ള അനുഭൂതിയാണ്.
തെക്കൻ കേരളത്തിലെ മിക്ക ക്യാംപസുകളും ‘ആരോ വിളിയ്ക്കുന്നുമൽസഖീ’യെന്ന കവിതയുടെ സ്രഷ്ടാവിനെ നേരിട്ടു കണ്ടതു നീണ്ട കുറെ കാലത്തിനു ശേഷമായിരുന്നു. ജീവിതത്തിൽ ആഘോഷിച്ചു ആസ്വദിച്ച വരികളുടെ രചയിതാവിനെ കണ്ട നേരം മനസ്സറിഞ്ഞു ഞാൻ സന്തോഷിച്ചു.അയാളുടെ സൗഹൃദം ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്നു ഞാൻ തിരിച്ചറിഞ്ഞു.
‘ആരോ വിളിക്കുന്നുമൽസഖി’യുടെ മറ്റൊരു പരിഛേദമാണു ‘പൂമര’ത്തിലെ പൂമണമുള്ള പാട്ട്. ഇന്നു എറണാകുളം മഹാരാജാസ് ക്യാംപസിന്റെ സ്വന്തം പാട്ട്. ആരാണു ആ പാട്ടെഴുതിയതെന്നു ആർക്കുമറിയില്ല. കേരളം മുഴുവൻ ഈ ഗാനം ഇന്നു ആസ്വദിച്ചു കേൾക്കവെ ആ വരികളെഴുതിയ മാന്ത്രിക വിരലുകൾ എവിടെയോ മറഞ്ഞിരിക്കുകയാണ്.
വരികൾക്കു ആത്മാവും വാക്കുകൾക്കു ചന്തവുമുണ്ടെങ്കിൽ, കവിത കേൾക്കാൻ ഇമ്പമുള്ള പാട്ടായി മാറുമല്ലോ. ഇവിടെയും അങ്ങനെ തന്നെയല്ലേ..??? ആ വാക്കുകളുടെ ഭംഗിയല്ലേ ആ സംഗീതത്തിന്റെ ഏറ്റവും വലിയ പ്രചോദനം. ഫൈസൽ റാസിയെന്ന നവാഗത സംഗീത സംവിധായകനു ഇത്രയും മികച്ചൊരു എന്‍ട്രി സിനിമയിൽ ലഭിക്കാൻ കാരണം ആ വരികൾ കൂടിയല്ലേ.കാളിദാസ് ജയറാമിന്റെ ഭംഗിയുള്ള ചിരിയും സ്വാഭാവികമായ ഭാവ പ്രകടനവും ഇന്നു മലയാളികൾ വാഴ്ത്തുന്നുവെങ്കിൽ അവിടെയും ആ വരികളുടെ മനോഹാര്യതയ്ക്കു പങ്കില്ലേ..?
ആ വരിയുടെ സ്വാധീനം കൂടിയായിരിക്കില്ലേ ഇത്രയും നന്നായി ആ പാട്ട് ചിത്രീകരിക്കാൻ ക്യാമറാമാനും സംവിധായകനും പ്രചോദനമായത്..?ആ വരികളുടെ ഉടമസ്ഥൻ വെളിച്ചത്തു വരേണ്ടതല്ലേ. ആ വരികളെഴുതിയ മഹാനു ഇനിയും അനേകം വിസ്മയ വരികൾ എഴുതാനുള്ള ബാല്യം ബാക്കിയുണ്ടാവില്ലേ..!! അതു കേൾക്കാനും ആസ്വദിക്കാനും ഞാനുൾപ്പടെയുള്ളവർക്കു അവകാശമില്ലേ..?? അതിനു ആ വരികളെഴുതിയയാളെ കണ്ടെത്തുക തന്നെ വേണം. ഞാനുൾപ്പെടുന്ന വലിയൊരു ആസ്വാദന സംഘം അതിനായി കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുകയാണ്.
അക്ഷരങ്ങളും വാക്കുകളും ആരുടെയും സ്വന്തമായിരിക്കില്ല. പക്ഷേ അവ സർഗാത്മക കലർത്തി സൃഷ്ടിച്ചെടുക്കുന്ന അനുഭവങ്ങളുടെ മണമുള്ള നന്മ അവർക്കു മാത്രം സ്വന്തമായതാണ്. എന്നാൽ അതു പലപ്പോഴും ലോകം അറിയുന്നില്ല.കാരണം വേറൊന്നുമല്ല, അതൊന്നു പ്രസിദ്ധീകരിക്കപ്പെട്ടില്ലെന്നുള്ളത് തന്നെ. ‘ആരോ വിളിക്കുന്നു മല്‍സഖി’യെപ്പോലെ, ‘പൂമര’ത്തിലെ പാട്ടിനെപ്പോലെ കേരളം മുഴുവൻ ഏറ്റു ചൊല്ലിയ വരികൾക്കു ജന്മം നൽകിയ പേരറിയാത്ത ഒരു കൂട്ടം കഴിവുറ്റ കൂട്ടുകാര്‍ക്കു മുന്നിൽ ആദരവോടെ ഈ വാക്കുകൾ സമർപ്പിക്കുന്നു.
© വിഷ്ണു വംശ

Post A Comment: